ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ പ്രഗല്ഭനായ ഉദ്യോഗസ്ഥനും സാഹിത്യകാരനും കലാസ്വാദകനുമായിരുന്നു എം.കെ.കെ. നായർ (29 ഡിസംബർ 1920 - 27 സെപ്റ്റംബർ 1987).
തിരുവനന്തപുരത്ത് പാൽക്കുളങ്ങരയുള്ള മേപ്പള്ളിവീട്ടിൽ 1920 ഡി. 29-ന് ജനിച്ചു. അച്ഛൻ കേശവപിളള. അമ്മ ജാനകി അമ്മ.
1939-ൽ മദിരാശി സർവകലാശാലയിൽനിന്നു ബി.എ. (ഫിസിക്സ്) ഒന്നാം ക്ലാസ്സിൽ ഒന്നാം റാങ്കോടെ ജയിച്ചു. പിന്നീട് എഫ്.എൽ.പരീക്ഷയും. 1948-ൽ ഐ.എ.എസ്. പരീക്ഷ പാസ്സായി. സേലം അസി. കളക്ടറായിട്ടാണ് ഈ നിലയിൽ ഇദ്ദേഹത്തിന്റെ ഔദ്യോഗികജീവിതം ആരംഭിക്കുന്നത്.
നെഹ്റു, വി.പി. മേനോൻ, രാജാജി, കാമരാജ്, കാർട്ടൂണിസ്റ്റ് ശങ്കർ, വി.കെ. കൃഷ്ണമേനോൻ, പി.സി. അലക്സാണ്ടർ, എം.ഒ. മത്തായി, എസ്.കെ. പൊറ്റെക്കാട്ട് തുടങ്ങിയവരുമായി ഇദ്ദേഹത്തിന് അടുത്തവ്യക്തി ബന്ധമുണ്ടായിരുന്നു. എഫ്.എ.സി.റ്റി. യുടെ മാനേജിങ്ങ് ഡയറക്ടർ, കേരളാ മാനേജ്മെന്റ് അസോസിയേഷന്റെയും കേരള പ്രൊഡക്ടിവിറ്റി കൗൺസിലിന്റെയും സ്ഥാപകാദ്ധ്യക്ഷൻ. സ്വകാര്യപൊതുസഹകരണമേഖലകളുടെ പരമോന്നതസമിതിയായ ഫെർട്ടിലൈസർ അസോസിയേഷൻ ചെയർമാൻ, കേന്ദ്രഗവൺമെന്റ് രാസവളത്തെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച ശിവരാമൻ കമ്മിറ്റി അംഗം(1966). കേരള കലാമണ്ഡലം ചെയർമാൻ (1966-1971) എന്നീ നിലകളിൽ പ്രവർത്തിച്ചു.
കഥകളിയുടെ വലിയ ആരാധകനായിരുന്ന ഇദ്ദേഹം കഥകളി, മോഹിനിയാട്ടം മുതലായ കേരളീയ കലകളെപ്പറ്റി ഇംഗ്ളീഷിലും മലയാളത്തിലും അനേകം ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ പകൽക്കുറിയിൽ തെക്കൻ ചിട്ടയിൽ ഒരു കഥകളി വിദ്യാലയം സ്ഥാപിച്ചതും എം.കെ.കെ. നായരാണ്.
-കൃതികൾ-
ആരോടും പരിഭവമില്ലാതെ: ഒരു കാലഘട്ടത്തിന്റെ കഥ (ആത്മകഥ)
കഥകളി
ആട്ടക്കഥയമ്മാവൻ കഥപറയുന്നു
കഥകളി- എ ടോട്ടൽ തീയറ്റർ
ക്ലാസിക്കൽ ആർട്സ് ഒഫ് കേരള