മലയാള ബാലസാഹിത്യ രംഗത്തെ പ്രമുഖനായ സിപ്പി പള്ളിപ്പുറം (സിപ്പി പള്ളിപ്പുറം) 1943 മെയ് 18-ന് എറണാകുളം ജില്ലയിലെ വൈപ്പിൻ പള്ളിപ്പുറത്താണ് ജനിച്ചത്. പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്കൂളിൽ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം നയിച്ച അദ്ദേഹം, നാലു ദശകങ്ങളായി ബാലസാഹിത്യ രംഗത്ത് സജീവമാണ്. ഇതിനകം ഇരുന്നൂറിൽപ്പരം ബാലസാഹിത്യ കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിരവധി കൃതികൾ കേന്ദ്രസാഹിത്യ അക്കാദമി മറ്റു ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഗവേണിംഗ് ബോഡി അംഗം, പുഴ മാസികയുടെ എഡിറ്റർ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കുട്ടികളിൽ പ്രകൃതിസ്നേഹം, ദേശഭക്തി, കാരുണ്യം തുടങ്ങിയ സദ്ഗുണങ്ങൾ വളർത്തുന്നവയാണ് അദ്ദേഹത്തിന്റെ കൃതികൾ. മേരിസെലിൻ ആണ് ഭാര്യ; ശാരിക, നവനീത് എന്നിവർ മക്കളാണ്.