മലയാളത്തിലെ പ്രശസ്തയായ കവയിത്രിയും പ്രമുഖ പരിസ്ഥിതി പ്രവർത്തകയുമായിരുന്നു സുഗതകുമാരി (1934 ജനുവരി 22 - 2020 ഡിസംബർ 23). പത്തനംതിട്ട ജില്ലയിലെ ആറന്മുള വാഴുവേലിൽ തറവാട്ടിൽ സ്വാതന്ത്ര്യസമര സേനാനിയും കവിയുമായിരുന്ന ബോധേശ്വരന്റെയും സംസ്കൃത പണ്ഡിതയായ വി.കെ. കാർത്ത്യായനിയമ്മയുടെയും മകളായി ജനിച്ചു. ഹൃദയകുമാരിയും സുജാതാദേവിയുമാണ് സഹോദരിമാർ. തത്ത്വശാസ്ത്രത്തിൽ എം.എ. ബിരുദം നേടിയ അവർ, തിരുവനന്തപുരം ജവഹർ ബാലഭവന്റെ പ്രിൻസിപ്പലായും 'തളിര്' മാസികയുടെ ചീഫ് എഡിറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ തുല്യതയില്ലാത്ത സംഭാവനകൾ നൽകിയ സുഗതകുമാരി കേരള സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യ ചെയർപേഴ്സണായിരുന്നു. പ്രകൃതി സംരക്ഷണ സമിതി, അഗതികളായ വനിതകൾക്കും മാനസികവെെകല്യമുള്ളവർക്കുമായുള്ള 'അഭയ', 'അഭയഗ്രാമം', 'അത്താണി' തുടങ്ങിയ സ്ഥാപനങ്ങളുടെ സ്ഥാപക സെക്രട്ടറിയായി പ്രവർത്തിച്ചു. പ്രശസ്തമായ സേവ് സൈലൻറ് വാലി പ്രക്ഷോഭത്തിലും അവർ വലിയ പങ്കുവഹിച്ചു. പ്രകൃതിയോടുള്ള അവരുടെ ആത്മബന്ധത്തിന്റെ അടയാളമാണ് 'സൈലന്റ് വാലി' കവിത.
സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്ക് 2009-ൽ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കൂടാതെ സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാർഡും നേടിയിട്ടുണ്ട്. ഡോ. കെ. വേലായുധൻ നായരാണ് ഭർത്താവ്; ലക്ഷ്മി മകളാണ്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് 2020 ഡിസംബർ 23-ന് അവർ അന്തരിച്ചു. മലയാളത്തിന്റെ കാവ്യലോകത്തും സാമൂഹിക രംഗത്തും മായാത്ത മുദ്ര പതിപ്പിച്ചാണ് സുഗതകുമാരി വിടപറഞ്ഞത്.