പ്രമുഖനായ മലയാളം എഴുത്തുകാരനും വിവർത്തകനും അധ്യാപകനുമാണ് പ്രൊഫ. ഗീതാലയം ഗീതകൃഷ്ണൻ. കോട്ടയത്തിനടുത്തുള്ള പള്ളത്ത് ജനിച്ചു. അച്ഛൻ: കെ.സി. കേശവപിള്ള. അമ്മ: എം. അമ്മുക്കുട്ടിയമ്മ. പള്ളം സി.എം.എസ്. സ്കൂൾ, കോട്ടയം സി.എം.എസ്. കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. എം.എ. പാസ്സായശേഷം കോട്ടയം സി.എം.എസ്. കോളേജിൽ ഇംഗ്ലിഷ് ലക്ചററായി ജോലിയിൽ കയറി. കാലടി ശ്രീശങ്കരാ കോളേജിൽനിന്ന് പ്രൊഫസറും വകുപ്പുമേധാവിയുമായി വിരമിച്ചു.
ബാലസാഹിത്യം, നോവൽ, ജീവചരിത്രങ്ങൾ, യാത്രാവിവരണം, മനഃശാസ്ത്രലേഖനങ്ങൾ, നർമ്മകഥകൾ, തൂലികാചിത്രങ്ങൾ, വിശ്വസാഹിത്യവിജ്ഞാനകോശം, വിവർത്തനങ്ങൾ എന്നീ വിഭാഗങ്ങളിലായി നിരവധി കൃതികൾ രചിച്ചിട്ടുണ്ട്.
അൽപ്പം ആനക്കാര്യം, അസമിന്റെ ആത്മാവിലൂടെ, അഗ്നിച്ചിറകിലേറിയ അത്ഭുതമനുഷ്യൻ–ഡോ. അബ്ദുൽ കലാം, ആത്മാവിൽ ദരിദ്രരായവർ, ലോക ഇതിഹാസ കഥകൾ, വിജയത്തിലേക്ക് ഇരുപതു പടികൾ, വിശ്വപ്രസിദ്ധ പ്രണയകഥകൾ, ഹെലൻ കെല്ലറുടെ ജീവിതകഥ, കുട്ടികൾ അറിയേണ്ട കഥകൾ, ലോകത്തെ നടുക്കിയ കൊലപാതകങ്ങൾ എന്നിവ പ്രധാന കൃതികൾ.
സാഹിത്യത്തിനുള്ള സമഗ്രസംഭാവനയ്ക്ക് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.