പുതിയ തലമുറയിലെ മലയാളത്തിലെ പ്രശസ്തനായ ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് ബെന്യാമിൻ എന്ന ബെന്നി ഡാനിയേൽ. പത്തനംതിട്ട ജില്ലയിലെ പന്തളത്തിനടുത്ത് കുളനട സ്വദേശിയായ അദ്ദേഹം പ്രവാസിയായി ബഹ്‌റൈനിലാണ് താമസിക്കുന്നത്. ബഹ്‌റൈൻ കേരളീയസമാജം സാഹിത്യവിഭാഗം സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ആനുകാലികങ്ങളിൽ സജീവമായി കഥകളും നോവലുകളും എഴുതുന്ന അദ്ദേഹത്തിന്റെ സാഹിത്യസംഭാവനകൾ മലയാള നോവൽ ശാഖയ്ക്ക് വലിയ മുതൽകൂട്ടാണ്.
'അബീശഗിൻ', 'പ്രവാചകന്മാരുടെ രണ്ടാം പുസ്‌തകം', 'അക്കപ്പോരിന്റെ ഇരുപത് നസ്രാണി വർഷങ്ങൾ', ലോകപ്രശസ്തമായ 'ആടുജീവിതം', 'മഞ്ഞവെയിൽ മരണങ്ങൾ', 'അൽ - അറേബ്യൻ നോവൽ ഫാക്‌ടറി', 'മുല്ലപ്പൂ നിറമുള്ള പകലുകൾ', 'മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്ററ് വർഷങ്ങൾ' തുടങ്ങി നിരവധി ശ്രദ്ധേയമായ നോവലുകൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ഇതിനുപുറമേ 'യുത്തനേസിയ', 'പെൺമാറാട്ടം', 'ഇ.എം.എസും പെൺകുട്ടിയും' തുടങ്ങിയ കഥാസമാഹാരങ്ങളും അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ കൃതികൾക്ക് ഒട്ടനവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 'ആടുജീവിതം' എന്ന നോവലിന് 2009-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും, അബുദാബി ശക്തി അവാർഡും, പത്മപ്രഭാ പുരസ്കാരവും ലഭിച്ചു. കൂടാതെ, 'മുല്ലപ്പൂ നിറമുള്ള പകലുകൾ' എന്ന നോവലിന് ജെസിബി പുരസ്കാരവും, 'മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റ് വർഷങ്ങൾ' എന്ന കൃതിക്ക് വയലാർ അവാർഡും ലഭിക്കുകയുണ്ടായി. ആധുനിക മലയാള സാഹിത്യത്തിൽ തന്റേതായ അനന്യമായ ശൈലിയിലൂടെ വായനക്കാരുടെ മനസിൽ പ്രത്യേക സ്ഥാനം നേടിയെുത്ത എഴുത്തുകാരനാണ് ബെന്യാമിൻ.